കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോ സംരക്ഷിക്കുക;
പ്രക്ഷോഭ കാമ്പയിനുമായി വെൽഫെയർ പാർട്ടി
ഈരാറ്റുപേട്ട: കഴിഞ്ഞകാലങ്ങളിൽ റെക്കോർഡ് കളക്ഷൻ സൃഷ്ടിച്ച് പൊതുഗതാഗത മേഖലയിൽ നിറഞ്ഞുനിന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർച്ചയുടെ ആഴങ്ങളിലേക്ക് തള്ളിയിടുകയാണ് അധികൃതർ. എറണാകുളം സോണിലെ ഏറ്റവും മികച്ച കളക്ഷൻ ഉണ്ടായിരുന്ന ഡിപ്പോയെ ഘട്ടം ഘട്ടമായി പദവി നഷ്ടപെടുത്തി പകൽ മാത്രം ബസ്സുകൾ കയറി ഇറങ്ങുന്ന ഓപ്പറേറ്റിങ് സെന്ററോ വെയ്റ്റിംങ്ങ് ഷെഡോ ആക്കി മാറ്റുന്നതിനുള്ള നടപടികളാണ് ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പ്രധാനപ്പെട്ട സർവീസുകൾ സമീപ ഡിപ്പോകളിലേക്ക് മാറ്റിയും ഗ്രാമീണ സർവീസുകൾ നഷ്ടക്കണക്ക് പറഞ്ഞ് നിർത്തലാക്കിയുമാണ് ഈരാറ്റുപേട്ട ഡിപ്പോയെ കുഴിച്ചുമൂടാനുള്ള ശ്രമം നടക്കുന്നത്. ഇതിനെതിരെ വെൽഫെയർ പാർട്ടി നവംബർ 15 മുതൽ ഡിസംബർ 15 വരെ നീളുന്ന ഒരു മാസം നീളുന്ന പ്രക്ഷോഭ കാമ്പയിന് തുടക്കം കുറിച്ചു.
ആവശ്യത്തിന് ജീവനക്കാരേയും ബസ്സുകളും അനുവദിക്കാതെയും നിലവിലുള്ള അന്തർ സംസ്ഥാന, ദീർഘ ദൂര സർവീസുകൾ മറ്റ് ഡിപ്പോകളിലേക്കു മാറ്റിയും ഈരാറ്റുപേട്ട ഡിപ്പോയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മലയോര മേഖലയുടെ ആശ്രയമായ ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് ചെലവു ചുരുക്കലിന്റെ പേരിൽ ഗ്രാമീണ സർവീസുകൾ ഭൂരിഭാഗവും നിർത്തലാക്കി. ഇതുമൂലം തലനാട്, അടുക്കം, അടിവാരം, ചോലത്തടം, പാതാമ്പുഴ, കുന്നോന്നി, കൈപ്പള്ളി തുടങ്ങിയ മേഖലകളിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കൂടാതെ രാത്രികാല, സ്റ്റേ സർവീസുകളും പൂർണമായി നിർത്തലാക്കി. ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതിനാൽ വിദ്യാർഥികളും സമയത്തിന് സ്ഥാപനങ്ങളിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
കോവിഡ് കാലത്തിന് മുമ്പ് 80 ബസ്സുകളുമായി 75 സർവീസുകൾ നടത്തിയിരുന്ന ഡിപ്പോയിൽ ഇന്ന് 32 ഷെഡ്യൂളുകൾ മാത്രമാണ് ഓപറേറ്റ് ചെയ്യാൻ കഴിയുന്നത്.
ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള ഭരണകൂട-ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനക്കെതിരെ ബഹുമുഖമായ സമര പരിപാടികളാണ് വെൽഫെയർ പാർട്ടി കാമ്പയിൻ കാലയളവിൽ നടത്താനുദ്ദേശിക്കുന്നത്.
കാമ്പയിൻ വിശദീകരണ ലഘുലേഖ, സർവ കക്ഷി യോഗം, ടീ ടോക്ക്, രാപ്പകൽ സമരം, നിവേദനം സമർപ്പിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
പത്രസമ്മേളനത്തിൽ വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി സാജിദ് കെ.എ , വൈസ് പ്രസിഡന്റുമാരായ യൂസുഫ് ഹിബ, ഫിർദൌസ് റഷീദ്, വി.എം. ഷഹീർ എന്നിവർ പങ്കെടുത്തു.