ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് റെനോക് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയ മുഹമ്മദ് സഹദിനെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് സഹദിന് ഉപഹാരം കൈമാറി.
സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടിയാണ് 14 ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിലാണ് സഹദ് കീഴടക്കിയത്. പർവതാരോഹണം കഴിഞ്ഞ് വ്യാഴാഴ്ചയാണ് സഹദ് നാട്ടിലെത്തിയത്. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ താമസിക്കുന്ന കീഴേടത്ത് സാലിയുടേയും സുഹദയുടേയും മുത്ത മകനായ മുഹമ്മദ് സഹദ്, എവറസ്റ്റ് കൊടുമുടി കീഴടക്കലാണ് അടുത്ത ലക്ഷ്യമെന്ന് പറഞ്ഞു.
മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ്, ട്രഷറർ നോബിൾ ജോസഫ്, വൈസ് പ്രസിഡന്റ് യൂസുഫ് ഹിബ, വി.എം. ഷഹീർ, യാസിർ പുള്ളോലി, യൂസുഫ് പി.എ, സക്കീർ കറുകാഞ്ചേരി എന്നിവരും പങ്കെടുത്തു.